സ്വർഗ്ഗീയ സമൃദ്ധി
എട്ടു വാഴപ്പഴമായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. എന്റെ വീട്ടിൽ എത്തിച്ച പലചരക്ക് സഞ്ചികൾ തുറന്നപ്പോൾ, പകരം, ഞാൻ കണ്ടത് ഇരുപതു വാഴപ്പഴങ്ങൾ! പൗണ്ടിൽ പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യുന്നതിൽ നിന്ന് കിലോഗ്രാമിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നതിലേക്കു മാറിയെന്നുകൂടി ഇംഗ്ലണ്ടിലേക്കു താമസം മാറിയതിന് അർത്ഥമുണ്ടെന്നു പെട്ടെന്നു തന്നെ ഞാൻ മനസ്സിലാക്കി. മൂന്ന് പൗണ്ടിനു പകരം ഞാൻ മൂന്നു കിലോഗ്രാം (ഏകദേശം ഏഴു പൗണ്ട്!) വാഴപ്പഴം ഓർഡർ ചെയ്തിരിക്കുന്നു.
വാഴപ്പഴത്തിന്റെ ആ സമൃദ്ധിയിൽ, മറ്റുള്ളവരുമായി ആ അനുഗ്രഹം പങ്കിടാനായി എനിക്കു പ്രിയപ്പെട്ട ബനാന ബ്രെഡ് ധാരാളം ഞാൻ ഉണ്ടാക്കി. പഴം ചതച്ചെടുത്തുകൊണ്ടിരിക്കുമ്പോൾ, പ്രതീക്ഷിക്കാത്ത സമൃദ്ധി അനുഭവിച്ച എന്റെ ജീവിതത്തിലെ മറ്റു മേഖലകളെക്കുറിച്ചു ഞാൻ ചിന്തിക്കാൻ തുടങ്ങി. അവ ഓരോന്നും ദൈവത്തിലേക്കുള്ള പാതയിൽ തിരിച്ചെത്തിച്ചു.
തന്റെ ജീവിതത്തിൽ ദൈവത്തിന്റെ സമൃദ്ധിയെക്കുറിച്ചു ചിന്തിപ്പിക്കുന്ന സമാനമായ അനുഭവം പൗലൊസിനുമുണ്ടായതായി തോന്നുന്നു. തിമൊഥെയൊസിനുള്ള തന്റെ ആദ്യ ലേഖനത്തിൽ, യേശു തന്റെ ജീവിതത്തിൽ വരുന്നതിനു മുമ്പുള്ള ജീവിതം വിവരിക്കാൻ പൗലൊസ് താൽക്കാലികമായി നിർത്തുന്നു. “ഉപദ്രവിയും നിഷ്ഠൂരനും” (1 തിമൊഥെയൊസ് 1:13); “പാപികളിൽ ഞാൻ ഒന്നാമൻ” (വാ. 15) എന്നിങ്ങനെ പൗലൊസ് സ്വയം വിശേഷിപ്പിക്കുന്നു. പൗലൊസിന്റെ തകർച്ചയിലേക്ക് ദൈവം കൃപയും വിശ്വാസവും സ്നേഹവും ധാരാളമായി പകർന്നു നൽകി (വാക്യം 14). തന്റെ ജീവിതത്തിലെ എല്ലാ സമൃദ്ധിയും വിവരിച്ചതിന് ശേഷം, “എന്നെന്നേക്കും ബഹുമാനവും മഹത്വവും” സ്വീകരിക്കാൻ അവൻ യോഗ്യനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടു ആ അപ്പൊസ്തലനു ദൈവത്തെ സ്തുതിക്കാതിരിക്കാൻ കഴിയാതെപോകുന്നു (വാ. 17).
പാപത്തിൽ നിന്നുള്ള യേശുവിന്റെ വിടുതലിന്റെ വാഗ്ദാനം സ്വീകരിച്ചപ്പോൾ, പൗലൊസിനെപ്പോലെ, നമുക്കെല്ലാവർക്കും കൃപയുടെ സമൃദ്ധി ലഭിച്ചു (വാക്യം 15). തത്ഫലമായുണ്ടായ എല്ലാ അനുഗ്രഹങ്ങളെയും കുറിച്ച് ധ്യാനിക്കാനായി സമയം ചിലവഴിക്കുമ്പോൾ, മഹാകാരുണ്യവാനായ നമ്മുടെ ദൈവത്തെ നന്ദിയോടെ സ്തുതിച്ചുകൊണ്ടു പൗലൊസിനൊപ്പം നാമും ചേരും.
ദൈവമേ, എന്റെ ഹൃദയത്തെ ശോധന ചെയ്യേണമേ
സിംഗപ്പൂരിലെ ഒരു സൂപ്പർമാർക്കറ്റ് ശൃംഖല ഭക്ഷണം പാഴാക്കുന്നതു കുറയ്ക്കുന്നതിനായി, ഗുണനിലവാരം അല്പം മാത്രം കുറഞ്ഞ പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നുണ്ടായിരുന്നു. മുമ്പ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ വലിച്ചെറിയുമായിരുന്ന 850 ടണ്ണിലധികം (778,000 കിലോഗ്രാം) ഉൽപ്പന്നങ്ങൾ ഒരു വർഷത്തിനുള്ളിൽ ഈ സംരംഭം ലാഭിച്ചു. ബാഹ്യരൂപത്തിലുള്ള പാടുകളും വിചിത്രമായ രൂപങ്ങളും രുചിയെയോ പോഷകമൂല്യത്തെയോ ബാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ അധികം താമസിയാതെ മനസ്സിലാക്കി. പുറമെയുള്ളത് എല്ലായ്പ്പോഴും ഉള്ളിലുള്ളതിനെ നിർണ്ണയിക്കാൻ ഉതകുന്നില്ല.
യിസ്രായേലിന്റെ അടുത്ത രാജാവിനെ അഭിഷേകം ചെയ്യാനായി ദൈവം അയച്ചപ്പോൾ ശമൂവേൽ പ്രവാചകനും സമാനമായ ഒരു പാഠം പഠിച്ചു (1 ശമൂവേൽ 16:1). യിശ്ശായിയുടെ ആദ്യജാതനായ എലീയാബിനെ കണ്ടപ്പോൾ, അവനാണു തിരഞ്ഞെടുക്കപ്പെട്ടവനെന്ന് ശമൂവേൽ കരുതി. എന്നാൽ ദൈവം പറഞ്ഞു: “അവന്റെ മുഖമോ പൊക്കമോ നോക്കരുതു… മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു” (വാ. 7). യിശ്ശായിയുടെ എട്ടു പുത്രന്മാരിൽ, തന്റെ പിതാവിന്റെ ആടുകളെ മേയ്ക്കുന്ന ഏറ്റവും ഇളയവനായ ദാവീദിനെ അടുത്ത രാജാവായി ദൈവം തിരഞ്ഞെടുത്തു (വാക്യം 11).
നാം പഠിച്ച സ്കൂൾ, എന്തുമാത്രം നാം സമ്പാദിക്കുന്നു, നാം എത്രമാത്രം സ്വമേധയാ ശുശ്രൂഷകളിൽ ഏർപ്പെടുന്നു തുടങ്ങിയ ബാഹ്യമായ യോഗ്യതകളെക്കാൾ നമ്മുടെ ഹൃദയങ്ങളെയാണ് ദൈവം കൂടുതൽ ശ്രദ്ധിക്കുന്നത്. “മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു” (മർക്കൊസ് 7:20) എന്നതിനാൽ സ്വാർത്ഥവും ദുഷിച്ചതുമായ ചിന്തകളിൽ നിന്നു തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. ബാഹ്യരൂപങ്ങളെ പരിഗണിക്കരുതെന്നു ശമൂവേൽ പഠിച്ചതുപോലെ, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ സഹായത്തോടുകൂടി നമ്മുടെ ഹൃദയങ്ങളെ — നമ്മുടെ ചിന്തകളേയും ഉദ്ദേശ്യങ്ങളേയും — പരിശോധിക്കാം.
ഞാൻ ഉൾപ്പെട്ടിരിക്കുന്നുവോ?
നാമെല്ലാവരും ആശിക്കുന്നത് നടി സാലി ഫീൽഡിന് ഒടുവിൽ അനുഭവിച്ചറിയാൻ സാധിച്ചു. 1985-ൽ അവർ രണ്ടാമത്തെ ഓസ്കാർ നേടിയപ്പോൾ, അവാർഡ് സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ അവർ ഇങ്ങനെ പറഞ്ഞു: “എല്ലാറ്റിനേക്കാളും നിങ്ങളുടെ ബഹുമാനം ഞാൻ ആഗ്രഹിച്ചു. ആദ്യത്തെ തവണ എനിക്ക് അത് അനുഭവിച്ചറിയാൻ സാധിച്ചില്ല. എന്നാൽ ഇത്തവണ എനിക്ക് അതു അനുഭവപ്പെടുന്നു. നിങ്ങൾക്ക് എന്നെ ഇഷ്ടമാണെന്ന വസ്തുത എനിക്ക് നിഷേധിക്കാനാവില്ല, ഇപ്പോൾ നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നു.’’
ഒരു എത്യോപ്യൻ ഷണ്ഡനും തനിക്കു ലഭിച്ച സ്വീകാര്യതയിൽ ആശ്ചര്യഭരിതനായി. ഒരു ജാതിയനെന്ന നിലയിലും ഷണ്ഡനെന്ന നിലയിലും അവനു ദേവലയത്തിന്റെ അകത്തെ പ്രാകാരങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു (എഫെസ്യർ 2:11-12; ആവർത്തനം 23:1 നോക്കുക). എങ്കിലും ഉൾപ്പെടാൻ അവൻ ആശിച്ചു. യെരൂശലേമിലേക്കുള്ള തൃപ്തികരമല്ലാത്ത മറ്റൊരു തീർത്ഥാടനത്തിൽ നിന്ന് മടങ്ങുന്ന വേളയിലാണ് ഫിലിപ്പൊസ് അവനെ കണ്ടുമുട്ടിയത് (പ്രവൃത്തികൾ 8:27).
“എന്റെ നിയമം പ്രമാണിക്കുന്ന” ഷണ്ഡന്മാർക്ക് “എന്റെ ആലയത്തിലും എന്റെ മതിലകങ്ങളിലും… ജ്ഞാപകവും… ഒരു ശാശ്വതനാമം തന്നേ… (യെശയ്യാവു 56:4) കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത യെശയ്യാവിന്റെ പുസ്തകം വായിക്കുകയായിരുന്നു എത്യോപ്യനായ ആ മനുഷ്യൻ. ഇത് എങ്ങനെ സാധിക്കും? അപ്പോൾ ഫിലിപ്പോസ് “യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.” “ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം” (പ്രവൃത്തികൾ 8:35) എന്നു ആ മനുഷ്യൻ മറുപടി പറഞ്ഞു.
തനിക്കു ശരിക്കും അതിനുള്ള അനുമതിയുണ്ടോ എന്നു ചോദിക്കുകയായിരുന്നു അവൻ? എനിക്ക് ഉൾപ്പെടാൻ സാധിക്കുമോ? യേശു എല്ലാ തടസ്സങ്ങളും തകർത്തെറിഞ്ഞു എന്നതിന്റെ അടയാളമായി ഫിലിപ്പൊസ് അവനെ സ്നാനപ്പെടുത്തി (എഫെസ്യർ 2:14). പാപത്തിൽ നിന്ന് തിരിഞ്ഞ് തന്നിൽ ആശ്രയിക്കുന്ന ഏവരെയും യേശു സ്വീകരിക്കുകയും തന്നോട് ഏകീകരിക്കുകയും ചെയ്യുന്നു. ആ മനുഷ്യൻ “സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി” (പ്രവൃത്തികൾ 8:39). ഒടുവിൽ അവൻ പൂർണമായി ഉൾപ്പെട്ടു.
യേശുവിനെ ശുശ്രൂഷിക്കുക
1800-കളുടെ തുടക്കത്തിൽ, ലണ്ടൻ വനിതാ ജയിലിലെ അവസ്ഥ എലിസബത്ത് ഫ്രൈയിൽ അമ്പരപ്പുളവാക്കി. സ്ത്രീകളും അവരുടെ കുട്ടികളും തിങ്ങിനിറഞ്ഞ ആ ജയിലിൽ അവർ തണുത്ത കൽത്തറക ളിലാണ് ഉറങ്ങിയിരുന്നത്. അവർക്കു കിടക്ക നൽകിയിരുന്നില്ലെങ്കിലും, ഒരു ടാപ്പിൽ നിന്നു മദ്യവും ലഭിക്കുമായിരുന്നു. വർഷങ്ങളോളം ഫ്രൈ ജയിൽ സന്ദർശിച്ച് വസ്ത്രങ്ങൾ നൽകുകയും സ്കൂൾ ആരംഭിക്കുകയും വേദപുസ്തകം പഠിപ്പിക്കുകയും ചെയ്തു. പക്ഷേ, അവരുടെ സ്നേഹനിർഭരമായ സാന്നിധ്യവും പ്രത്യാശയുടെ വ്യക്തമായ സന്ദേശങ്ങളുമാണ് അവരുടെ ഏറ്റവും വലിയ സ്വാധീനമായി പലരും കണ്ടത്.
അവരുടെ പ്രവർത്തനങ്ങളിൽ, ദരിദ്രരായവരെ ശുശ്രൂഷിക്കാനുള്ള യേശുവിന്റെ ക്ഷണം അവർ പിന്തുടർന്നു. ഉദാഹരണത്തിന്, യുഗാന്ത്യത്തെക്കുറിച്ചുള്ള നിരവധി കഥകൾ ഒലിവു മലയിലായിരിക്കുമ്പോൾ ക്രിസ്തു പങ്കുവച്ചു. അതിലൊന്നായിരുന്നു “നീതിമാന്മാരെ നിത്യജീവങ്കലേക്കു” (മത്തായി 25:46) സ്വാഗതം ചെയ്യുന്ന കഥ. ഈ കഥയിൽ, രാജാവു നീതിമാന്മാരോടു, അവർ തനിക്കു കുടിക്കാൻ നൽകി, തന്നെ ചേർത്തുകൊണ്ടു, തടവിൽ തന്നെ കാണ്മാൻ വന്നു (വാ. 35-36) എന്നിങ്ങനെ പറയുന്നുണ്ട്. തങ്ങൾ അങ്ങനെ ചെയ്തതു ഓർത്തെടുക്കാൻ അവർക്കു കഴിയാതെ വന്നപ്പോൾ രാജാവ് ഇപ്രകാരം മറുപടി പറഞ്ഞു: “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു” (വാക്യം 40).
പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നാം മറ്റുള്ളവരെ ശുശ്രൂഷിക്കുമ്പോൾ, നാം യേശുവിനെ ശുശ്രൂഷിക്കുന്നതിനു തുല്യമാണത്. എന്തൊരു അത്ഭുതമാണത്! നമുക്ക് എലിസബത്ത് ഫ്രൈയുടെ മാതൃക പിന്തുടരാം. മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെയോ ധൈര്യം പകരുന്ന സന്ദേശങ്ങൾ അയക്കുന്നതിലൂടെയോ നമുക്കു വീട്ടിൽ നിന്നു ശുശ്രൂഷിക്കാം. നമ്മുടെ ആത്മീയ വരങ്ങളും കഴിവുകളും മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിച്ചുകൊണ്ടു തന്നെ സ്നേഹിക്കാൻ യേശു നമ്മെ സ്വാഗതം ചെയ്യുന്നു.
ചോക്ലേറ്റിൽ കുടുങ്ങുക
പെൻസിൽവാനിയയിലെ മാർസ് മിഠായി ഫാക്ടറിയിലെ രണ്ട് തൊഴിലാളികൾ ചോക്ലേറ്റിന്റെ വലിയൊരു വീപ്പയിൽ വീണുപോയി. ഇത് ഒരു തമാശയുടെ തുടക്കമായി തോന്നിയേക്കാം - ചോക്കലേറ്റു പ്രേമികളെ സംബന്ധിച്ച് ഒരുപക്ഷേ മനോഹരമായ ഒരു പ്രതിസന്ധിയും! പരിക്കേറ്റില്ലെങ്കിലും, സ്വന്തമായി പുറത്തിറങ്ങാൻ കഴിയാതെ അരയോളം ഉയരത്തിൽ മിഠായിയിൽ ആ മനുഷ്യർ കുടുങ്ങിക്കിടന്നു. ഒടുവിൽ അവരെ സുരക്ഷിതമായി പുറത്തെത്തിക്കാനായി അഗ്നിശമന സേനാംഗങ്ങൾക്കു വീപ്പയുടെ വശത്ത് വലിയൊരു ദ്വാരമുണ്ടാക്കേണ്ടി വന്നു.
യിരെമ്യാ പ്രവാചകനെ ചെളി നിറഞ്ഞ ഒരു കുഴിയിൽ ഇട്ടുകളഞ്ഞ കഥ പക്ഷേ ഒട്ടും മധുരതരമായിരുന്നില്ല. “ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും” (യിരെമ്യാവ് 38:3) എന്നതുകൊണ്ട് അവർ നഗരം വിട്ടുപോകേണ്ടതായ അടിയന്തര സാഹചര്യമുണ്ടെന്നു യെരൂശലേമിലെ ദൈവജനത്തിനുള്ള സന്ദേശവാഹകനെന്ന നിലയിൽ അവൻ പ്രഖ്യാപിച്ചു. യിരെമ്യാവിന്റെ വാക്കുകൾ “പടയാളികൾക്കു ധൈര്യക്ഷയം വരുത്തുന്നു” എന്നു വാദിച്ചുകൊണ്ടു സിദെക്കീയാരാജാവിന്റെ ചില പ്രഭുക്കന്മാർ യിരെമ്യാവിനെ “കൊന്നുകളയേണമേ” എന്ന് ആവശ്യപ്പെട്ടു. രാജാവ് അനുമതി നൽകി. അവർ “യിരെമ്യാവെ… കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയതു”. “യിരെമ്യാവു ചെളിയിൽ താണു” (വാക്യം 6).
രാജാവിന്റെ മറ്റൊരു പ്രഭു - ഒരു വിദേശിയായിരുന്നിട്ടുകൂടി - മറ്റുള്ളവർ “ചെയ്തതൊക്കെയും അന്യായമത്രേ” എന്നു പറഞ്ഞുകൊണ്ടു യിരെമ്യാവിന്റെ ക്ഷേമത്തിനായി വാദിച്ചപ്പോൾ, താൻ തെറ്റു ചെയ്തിരിക്കുന്നുവെന്നു സിദെക്കീയാവു മനസ്സിലാക്കി. യിരെമ്യാവിനെ “കുഴിയിൽനിന്നു” കയറ്റാൻ ഏബെദ്-മേലെക്കിനോട് രാജാവ് ആവശ്യപ്പെട്ടു (വാ. 9-10).
യിരെമ്യാവിനെപ്പോലെ നാമും ശരിയായ കാര്യം ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ ചെളിയിൽ കുടുങ്ങിപ്പോയതായി തോന്നിയേക്കാം. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ അവന്റെ സഹായത്തിനായി കാത്തിരിക്കുമ്പോൾ നമ്മുടെ ആത്മാവിനെ ഉയർത്താൻ ദൈവത്തോട് അപേക്ഷിക്കാം.